Saturday, July 19, 2008



വിധുബാല എഴുതുകയാണ്‌

ജനാലയുടെ കര്‍ട്ടന്‍ ശാന്തതയോടെ വകഞ്ഞുമാറ്റി പ്രഭാതത്തില്‍ സൂര്യരശ്മികള്‍ വന്നു തൊടുമ്പോള്‍ അതില്‍ എന്റെ അച്ഛന്റെ സ്പര്‍ശമുണ്ടായിരുന്നു. വെയിലില്‍ തണല്‍മരങ്ങള്‍ മിഴികളടച്ച് തലയാട്ടുന്ന താളത്തില്‍ അച്ഛന്റെ ശബ്ദമുണ്ടായിരുന്നു. നിലാവുകള്‍ക്കിടയില്‍നിന്ന് ഒരു നക്ഷത്രം പ്രകാശവര്‍ഷങ്ങളിലൂടെ ഒരു പുഞ്ചിരി കൈമാറുമ്പോള്‍ ടെറസ്സിനു മുകളിലിരുന്ന് അപ്പോഴും ഞാന്‍ എന്റെ അച്ഛനെ കണ്ടു.

വിധുബാലയുടെ ആത്മാവിന്റെ സ്പന്ദനങ്ങള്‍ പ്രകൃതിയും കവിതയും അച്ഛനും ഒരേ വികാരത്തിന്റെ സൂക്ഷ്മ പ്രകടനങ്ങളായിമാറുന്നു ഇവിടെ. അപാരമായ പിതൃബന്ധത്തിന്റെ നിഗൂഢസൗന്ദര്യം വിധുബാലയുടെ വാക്കുകളില്‍ വിടരുന്നു. അച്ഛന്‍ ഭാഗ്യനാഥിനെക്കുറിച്ച് തെന്നിന്ത്യയിലെ പ്രശസ്ത നടി വിധുബാല എഴുതുന്ന പുസ്തകം കരുത്തേറിയ ആത്മാവിഷ്‌കാരത്തിന്റെ അഗാധമായ മുഴക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.

വിധുബാലയെ ഓര്‍മയില്ലേ?


പഴയ തലമുറയുടെ സ്മൃതിപഥങ്ങളില്‍ ഇന്നും നിറഞ്ഞുനില്‍പ്പുണ്ട് ഈ അഭിനേത്രി. ഷീലയും ശാരദയും ജയഭാരതിയും സീമയുമൊക്കെ മലയാളത്തിന്റെ നായികാവസന്തങ്ങളായി നിറഞ്ഞുനിന്ന കാലമായിരുന്നു വിധുബാലയുടെയും അഭിനയകാലഘട്ടം. പ്രേംനസീര്‍, ജയന്‍, കമലഹാസന്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സന്റ്, മോഹന്‍ തുടങ്ങിയവരുടെ നായികയായി നീണ്ട ഒരു കാലയളവ് വിധുബാല മലയാളത്തിന്റെ അഭ്രപാളികളില്‍ നിറഞ്ഞുനിന്നിരുന്നു. മലയാളത്തിലും ഇതരഭാഷകളിലുമായി നൂറിലേറെ സിനിമകളിലൂടെ അഭിനയശേഷിയുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നുനല്‍കിക്കൊണ്ടാണ് വിധുബാല സിനിമാഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയത്. മറ്റു പല നായികമാരെയുംപോലെ വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നടിയായിരുന്നില്ല വിധുബാല. വിവാഹത്തിനും രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ സിനിമ വിട്ടത് സ്വന്തം തീരുമാനപ്രകാരമായിരുന്നു. തലമുറകളും തരംഗങ്ങളും മാറിമറിഞ്ഞപ്പോള്‍ പുതിയ തലമുറയ്ക്ക് വിധുബാല അപരിചിതയായി.

ഒരുപക്ഷേ, ഇനി വിധുബാലയെ നമ്മള്‍ അറിഞ്ഞുതുടങ്ങുന്നത് ഒരു എഴുത്തുകാരി എന്ന നിലയിലാകും. അതിന്റെ സാക്ഷ്യമാകും പ്രശസ്തനായ അച്ഛനെക്കുറിച്ച് പ്രശസ്തയായ ഈ മകളുടെ ഇനിയും പുറത്തുവന്നിട്ടില്ലാത്ത ഓര്‍മപ്പുസ്തകം. കോഴിക്കോട് ഗാന്ധിറോഡിനടുത്ത് 'വൃന്ദാവനി'ല്‍ ഭര്‍ത്താവ് മുരളിയും മകന്‍ അര്‍ജുനുമൊപ്പം സംതൃപ്തമായ ഒരു കുടുംബജീവിതം നയിക്കുന്ന വിധുബാല അപൂര്‍വമായി, അഭിമുഖങ്ങളില്‍പ്പോലും പ്രത്യക്ഷപ്പെടാറില്ല. ഇവിടെ, ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കുശേഷം 'ചിത്രഭൂമി' വായനക്കാര്‍ക്കായി വിധുബാല മനസ്സ് തുറക്കുമ്പോള്‍, അത് മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചിത്രങ്ങളായി മാറുന്നു.

ഷീല, ശാരദ, ജയഭാരതി, ഭവാനി... വിധുബാലയുടെ സമകാലീനരെല്ലാം സിനിമയിലേക്ക് തിരിച്ചുവന്നു. വിധുബാല തിരിച്ചുവരുമോ?


നോക്കൂ, എന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ല. അന്ന് അങ്ങനെയൊരു തീരുമാനമെടുക്കുമ്പോള്‍ എപ്പോഴെങ്കിലും തിരിച്ചുവരാം എന്ന പ്രതീക്ഷയോടെയായിരുന്നില്ല. ശരിക്കും ബോള്‍ഡായി എടുത്ത തീരുമാനമാണത്. നിങ്ങള്‍ക്കറിയാമോ, സിനിമ വിട്ടശേഷം എത്രയോ പേര്‍ വിളിച്ചു. വിധുബാല തിരിച്ചുവരണമെന്ന അഭ്യര്‍ഥനയുമായി. സ്‌ക്രിപ്റ്റ് വരെ അയച്ചുതന്നവരുണ്ട്. നല്ല കഥാപാത്രമാണെങ്കില്‍മാത്രം സ്വീകരിച്ചാല്‍ മതിയെന്നുപറഞ്ഞു. പക്ഷേ, ഇല്ല. ഇനി അഭിനയരംഗത്തേക്കില്ല.

പണം, പ്രശസ്തി, ആരാധകര്‍, നിരവധി ചിത്രങ്ങള്‍-ഒരു നടിയുടെ കരിയറിലെ ഏറ്റവും ദീപ്തമായ കാലത്താണ് വിധുബാല അരങ്ങൊഴിഞ്ഞത് - എന്തായിരുന്നു കാരണം?


അഭിനയം ശരിക്കും മടുത്തിരുന്നു. എന്റെ എട്ടാമത്തെ വയസ്സിലാണ് ഞാന്‍ സിനിമാഭിനയം തുടങ്ങുന്നത്. ബാലതാരമായി കുറച്ചു ചിത്രങ്ങള്‍. പിന്നീട് ചെറിയ വേഷങ്ങളിലൂടെ നായികയായി. കണ്ണു തുറന്നാല്‍ ആക്ഷനും കട്ടും. ഇതായിരുന്നു ജീവിതം. പലപ്പോഴും എനിക്കെന്റെ വ്യക്തിജീവിതം നഷ്ടപ്പെടുന്നപോലെ തോന്നി. ഒരു സെറ്റില്‍നിന്നും വേറൊരു സെറ്റിലേക്ക്. മേക്കപ്പില്ലാതെ ജീവിതമില്ലെന്ന അവസ്ഥ വന്നു. ഈ ഘട്ടത്തിലാണ് മുരളിയേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചത്. വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞാണ് വിവാഹം നടന്നത്. അതിനുമുന്‍പേ എനിക്ക് എന്റേതായ ഒരു ജീവിതം വേണമെന്നു തോന്നി. ആക്ഷനും കട്ടുമില്ലാത്ത ഒരു ചെറിയ ജീവിതം. അതിനുവേണ്ടിയാണ് ഞാന്‍ അഭിനയം നിര്‍ത്തിയത്.


അഭിനയം നിര്‍ത്തി, വിവാഹത്തിനുമുന്‍പുള്ള രണ്ടു വര്‍ഷത്തെ ജീവിതം എങ്ങനെയായിരുന്നു?

അഭിനയം നിര്‍ത്തിയ ശേഷം ഞാന്‍ കുറേ കോഴ്‌സുകള്‍ ചെയ്തു. കുക്കറി, ഇന്റീരിയര്‍ ഡക്കറേഷന്‍, എക്‌സ്‌പോര്‍ട്ട് മാനേജ്‌മെന്റ്-പിന്നെ സൈക്കോളജിയെപ്പറ്റി കുറെ ആര്‍ട്ടിക്കിള്‍സ് എഴുതി. നിരവധി ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്തു. സംസ്‌കൃതം പഠിച്ചു... അങ്ങനെ ആ ജീവിതം കടന്നുപോയി. കല്യാണം കഴിഞ്ഞാല്‍ ഇതൊന്നും പറ്റില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് എനിക്ക് താത്പര്യമുള്ള കാര്യങ്ങള്‍ ഈ കാലത്ത് ഞാന്‍ ചെയ്തു.

സിനിമയിലെ തുടക്കം എങ്ങനെയായിരുന്നു?


'സ്‌കൂള്‍ മാസ്റ്റര്‍' എന്ന സിനിമയില്‍ അംബികയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിലെത്തിയത്. സത്യന്‍, രാഗിണി, അംബിക, ബാലാജി, ശിവാജി ഗണേശന്‍, തിക്കുറുശ്ശി തുടങ്ങിയവരെല്ലാം ആ സിനിമയില്‍ അഭിനയിച്ചിരുന്നു. അന്നെനിക്ക് എട്ടു വയസ്സാണ് പ്രായം. 'സ്‌കൂള്‍ മാസ്റ്ററി'നുശേഷം 67ലോ 68ലോ ആണ് 'ജീവിക്കാന്‍ അനുവദിക്കുക' എന്ന സിനിമയില്‍ പ്രേംനസീറിന്റെ അനിയത്തിയായും 'പാവപ്പെട്ടവള്‍' എന്ന സിനിമയില്‍ സത്യന്‍മാഷിന്റെ അനിയത്തിയായും അഭിനയിച്ചു.

സത്യന്‍മാഷുമായി നല്ല അടുപ്പമായിരുന്നോ?

അദ്ദേഹത്തോടൊപ്പം ചെറിയ വേഷങ്ങളിലഭിനയിക്കാനേ അവസരം ലഭിച്ചുള്ളൂ. 'ഉമ്മാച്ചു'വില്‍ സത്യന്‍ മാഷോടൊപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നെ ആ സിനിമയിലേക്ക് ശുപാര്‍ശ ചെയ്തതും സത്യന്‍ മാഷായിരുന്നു. പെട്ടെന്നുണ്ടായ അദ്ദേഹത്തിന്റെ മരണം കാരണം മായന്‍ എന്ന കഥാപാത്രത്തെ മധുസാറാണ് പിന്നീട് അവതരിപ്പിച്ചത്.

വിധുബാലയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന വേഷങ്ങളിലൊന്നാണ് 'ഉമ്മാച്ചു'വിലെ ചീനമുളക് ചിന്നമ്മു. ആ കഥാപാത്രമായി വേഷമിട്ടപ്പോഴത്തെ അനുഭവം എങ്ങനെയായിരുന്നു?

'ഉമ്മാച്ചു' എന്ന നോവല്‍ ഞാന്‍ നേരത്തെ വായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനുവേണ്ടി പ്രത്യേകം തയ്യാറെടുപ്പുകളും ഉണ്ടായിട്ടില്ല. പക്ഷേ, എന്റെ അമ്മ പറയുമായിരുന്നു, ചീനമുളക് ചിന്നമ്മ ലജന്‍ഡറി ക്യാരക്ടറാണെന്ന്. ആ കഥാപാത്രം എത്രത്തോളം ബോള്‍ഡാണെന്നും അതിന്റെ സീരിയസ്‌നസ് എത്രത്തോളമാണെന്നും അറിയാനുള്ള പ്രായമൊന്നും അന്നെനിക്കില്ല. ഭാസ്‌കരന്‍മാഷ് പറഞ്ഞു, അതുപോലെ അഭിനയിച്ചു. അല്ലാതെ ആ കഥാപാത്രവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഒരനുഭവവും പറയാനില്ല. പിന്നെ, നിങ്ങള്‍ പറഞ്ഞപോലെ എന്നെ ഓര്‍ക്കുമ്പോള്‍ ചീനമുളക് ചിന്നമ്മു മനസ്സില്‍ വരുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.

പിന്നീട് എപ്പോഴാണ് സിനിമയില്‍ സജീവമാകുന്നത്?

സിനിമയിലെത്തുംമുന്‍പേ പല പ്രോഡക്റ്റുകളുടെയും മോഡലായി ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. അന്ന് ഞങ്ങളുടെ കുടുംബം ചെന്നൈയിലാണ് താമസിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ജോക്കായിരുന്നു. ഈ സമയത്താണ് 'പൊണ്ണുക്ക് തങ്കമനസ്സ്' എന്ന തമിഴ്പടത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആ സിനിമ തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റായിരുന്നു. അതോടെ എന്നെ എല്ലാവരും അറിഞ്ഞുതുടങ്ങി. എവിടെവെച്ചുകണ്ടാലും 'ദേ... വിധുബാല' എന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. തുടര്‍ന്ന് 'കോളേജ്‌ഗേളി'ലഭിനയിക്കാന്‍ ഹരിഹരന്‍ ക്ഷണിച്ചു. വേറേയും ചില ചിത്രങ്ങളിലേക്ക് അവസരങ്ങളുണ്ടായി. അപ്പോഴാണ് അച്ഛന്‍ പറഞ്ഞത്. ഒരു ആക്ടറസ്സായാല്‍ ആ പേര് എപ്പോഴും നിലനില്‍ക്കുമെന്ന്. അത് നല്ലതാണെന്ന് എനിക്കും തോന്നി. 'കോളേജ് ഗേള്‍' വന്‍ ഹിറ്റായി. തുടര്‍ന്നു വന്ന 'പ്രവാഹ'വും നല്ല വിജയം നേടി. അതോടെ സിനിമയായി ജീവിതം.

സൈക്കോളജിയെപ്പറ്റി ഒരുപാട് ലേഖനങ്ങള്‍ വിധുബാല എഴുതിയതായി പറഞ്ഞു. തന്റെ ജീവിതലക്ഷ്യം ഒരു സൈക്കോളജിസ്റ്റാവുകയായിരുന്നെന്നും മുന്‍പ് പറഞ്ഞിട്ടുണ്ട്?

ശരിയാണ്. എന്റെ വലിയ ആഗ്രഹമായിരുന്നു അത്. ബി.എ.ക്ക് സൈക്കോളജിയായിരുന്നു എന്റെ വിഷയം. പക്ഷേ, സിനിമയില്‍ സജീവമായതോടെ ആ ആഗ്രഹം ഉപേക്ഷിച്ചു.

ഒരു നര്‍ത്തകി എന്ന നിലയിലും വിധുബാല അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ?

വളരെ ചെറുപ്പത്തിലേ ഞാന്‍ നൃത്തം പഠിച്ചുതുടങ്ങിയിരുന്നു. കലാമണ്ഡലം എലിസബത്ത് ടീച്ചറുടെ കീഴിലായിരുന്നു ആദ്യം പഠിച്ചത്. പിന്നീട് മൈഥിലിടീച്ചറുടെ ശിക്ഷണവും ലഭിച്ചു. അച്ഛന്റെ മാജിക്ട്രൂപ്പിലെ ചീഫ് അസിസ്റ്റന്റ് കൂടിയായിരുന്നു മൈഥിലി ടീച്ചര്‍. നിരവധി ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും സിനിമയില്‍ നൃത്തത്തിന് പ്രാധാന്യമുള്ള ഒരു വേഷം ചെയ്യാന്‍ കഴിയാതെ പോയതില്‍ വിഷമമുണ്ട്.

അച്ഛനോടൊപ്പം മാജിക് പ്രോഗ്രാമുകളില്‍ പങ്കെടുത്തിരുന്നോ?

പിന്നെ. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലുടനീളവും ഇന്ത്യക്ക് പുറത്തും അച്ഛനോടൊപ്പം മാജിക് പരിപാടികളുമായി യാത്ര ചെയ്തിട്ടുണ്ട്. അത് മറക്കാനാവാത്ത അനുഭവമാണ്. 67ലാണ് അച്ഛന്റെ കൂടെ മാജിക്കില്‍ പങ്കെടുത്തത്. പിന്നീട് 68ല്‍ കേരളത്തില്‍ ഒരു എക്‌സിബിഷനുമായി ബന്ധപ്പെട്ട് 23 ഷോകളില്‍ പങ്കെടുത്തു. ഇതെല്ലാം അച്ഛനെക്കുറിച്ച് ഞാനെഴുതുന്ന പുസ്തകത്തില്‍ വിശദമായി എഴുതുന്നുണ്ട്.

വിധുബാല അച്ഛനെക്കുറിച്ചെഴുതുന്ന പുസ്തകത്തിന്റെ സ്വഭാവമെന്താണ്?

ഈ പുസ്തകം മൂന്നു ഭാഗങ്ങളായിട്ടാണ് ഞാന്‍ എഴുതുന്നത്. അച്ഛന്‍, സ്വാതന്ത്ര്യസമരസേനാനി, മജീഷ്യന്‍... ഇങ്ങനെ മൂന്ന് ആംഗിളുകളിലൂടെയാണ് ഞാന്‍ അച്ഛനെ നോക്കിക്കാണുന്നത്. ഇംഗ്ലീഷിലാണ് ഞാന്‍ ഈ പുസ്തകം തയ്യാറാക്കുന്നത്.

നമുക്ക് വീണ്ടും സിനിമയിലേക്കു വരാം. അമ്മയായി അഭിനയിക്കുന്നതിനു വിമുഖത കാണിക്കുന്നവരാണ് ഇന്നത്തെ നായികമാര്‍. എന്നാല്‍ നായികയായി നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് 'കുറ്റവും ശിക്ഷയും' എന്ന സിനിമയില്‍ വിധുബാല കമലഹാസന്റെ അമ്മയായി അഭിനയിച്ചത്.


അന്നത്തെ നായികാനായകന്മാര്‍ക്ക് അങ്ങനെയൊരു സ്വഭാവമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. സത്യന്‍ മാഷും നസീര്‍സാറും മധുസാറുമൊക്കെ എത്രയോ സിനിമകളില്‍ അച്ഛന്റെയും അപ്പൂപ്പന്റെയും വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതുപോലെ ഷീലയും ശാരദയും ജയഭാരതിയുമൊക്കെ അമ്മവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒരു നടിയെന്നെ നിലയില്‍ നായികയാവണം എന്ന വാശിയൊന്നും എനിക്കില്ലായിരുന്നു. കിട്ടുന്ന വേഷം ഭംഗിയായി അവതരിപ്പിക്കാനായിരുന്നു ആഗ്രഹം. കമലഹസാന്റെ അമ്മയായി അഭിനയിച്ച ഞാന്‍ എത്രയോ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്.

പഴയ കാലത്തെ ചിലച്ചിത്രപ്രവര്‍ത്തകര്‍ ഒരു കുടുംബംപോലയായിരുന്നു എന്ന് പലരും പറയാറുണ്ട്. ഇതിനര്‍ഥം പുതിയ സിനിമാ പ്രവര്‍ത്തകര്‍ ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും വിലകല്പിക്കുന്നില്ലെന്നാണോ?

പുതിയ കാലത്തെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. കാരണം ഞാന്‍ സിനിമ വിട്ടിട്ട് ഇരുപത്തെട്ട് വര്‍ഷങ്ങളായി. പക്ഷേ, ഒരു കാര്യം പറയാതിരിക്കാനാവില്ല. പണ്ടത്തെ ആര്‍ട്ടിസ്റ്റുകള്‍ ഒരു കുടുംബംപോലെയായിരുന്നു എന്നു പറയുന്നത് നൂറ് ശതമാനവും ശരിയാണ്. നസീര്‍സാറും മധുസാറും ജോസ്പ്രകാശ്‌സാറുമൊക്കെ വളരെ മനുഷ്യനന്മ ഉള്ളവരായിരുന്നു. നടിമാരുടെ കാര്യത്തിലും വ്യത്യാസമുണ്ടായിരുന്നില്ല. സെറ്റിലെ ലൈറ്റ് ബോയ് മുതല്‍, സിനിമയിലെ നായകന്‍ വരെയുള്ളവരുടെ എല്ലാ പ്രശ്‌നങ്ങളും സെറ്റില്‍ ചര്‍ച്ച ചെയ്തിരുന്നു. എല്ലാവരും പരസ്പരം നല്ല സഹകരണത്തോടെ കഴിയാവുന്ന സഹായങ്ങള്‍ ചെയ്താണ് മുന്നോട്ടു പോയത്. അതുകൊണ്ടുതന്നെയാണ് അന്നത്തെ സിനിമ ഒരു കുടുംബംപോലെയാണെന്ന് പറയുന്നത്. ഇന്നും പഴയ തലമുറയിലെ ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള സൗഹൃദം നിലനില്‍ക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചത് ആരോടൊപ്പമാണ്?

പ്രേംനസീറിനൊപ്പമാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായത്. പിന്നെ, ജയന്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സെന്റ്, മോഹന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലും നായികയായി. തമിഴില്‍ ജയശങ്കര്‍, രവിചന്ദ്രന്‍, മുത്തുരാമന്‍, ശിവകുമാര്‍ തുടങ്ങിയവരോടൊപ്പവും അഭിനയിച്ചു.

ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ എന്തൊക്കെയാണ്?

രാപ്പാടികളുടെ ഗാഥ, അഗ്നി, പ്രതീക്ഷ, ധീരസമീരേ യമുനാതീരേ, വിഷുക്കണി, മനുഷ്യപുത്രന്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ നന്നായിരുന്നു. എങ്കിലും ഉമ്മാച്ചുവിലെ ചീനമുളക് ചിന്നമ്മു, ശംഖുപുഷ്പത്തിലെ ഡോ. ദേവി, അശ്വത്ഥാമാവിലെ ഉണ്യേമ തുടങ്ങിയ കഥാപാത്രങ്ങള്‍ എനിക്കേറെ സംതൃപ്തി നല്കിയതാണ്.

പുതിയ തലമുറ വിധുബാലയെ തിരിച്ചറിയുന്നുണ്ടോ?

സിനിമയിലുള്ളവര്‍ക്ക് എന്നെ അറിയാം. പഴയ ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ആ റെസ്‌പെക്റ്റ് അവര്‍ എനിയ്ക്ക് തരുന്നുമുണ്ട്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം, നാല്‍പ്പതു വയസ്സിനു മുകളിലുള്ളവരെല്ലാം ഇപ്പോഴും എന്നെ തിരിച്ചറിയുന്നുണ്ട്. കാണുമ്പോള്‍ അവരെല്ലാം പറയും വിധുബാല തിരിച്ചുവരണമെന്ന്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അറിയാം. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍വെച്ചാണ് മോഹന്‍ലാലിനെ നേരില്‍ കാണുന്നത്. എന്നെ കണ്ടപാടെ അടുത്തുവന്നു. വിശേഷങ്ങള്‍ ചോദിച്ചു. പുതിയ തലമുറയിലെ നടീനടന്മാരുമായി വലിയ പരിചയമില്ല.
പഴയ തലമുറയിലെ ആര്‍ട്ടിസ്റ്റുകളില്‍ ആരൊക്കെയായി ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.

എല്ലാവരുമായും നല്ല ബന്ധമാണ്. പലരേയും നേരില്‍ കാണാറില്ലെന്നു മാത്രം. മധുസാറും, ജോസ് പ്രകാശ് സാറും ഈയ്യിടെ വിളിച്ചിരുന്നു. ഷീലാമ്മ, ജയഭാരതി, ശാരദച്ചേച്ചി ഇവരെയൊക്കെ പലപ്പോഴും കാണുന്നുണ്ട്. സംസാരിക്കാറുണ്ട്.

പഴയ സിനിമകള്‍ ഇപ്പോള്‍ കാണാറുണ്ടോ?

വല്ലപ്പോഴും. കാണുമ്പോള്‍ വലിയ വിഷമമുണ്ടാകും. കൂടെ അഭിനയിച്ചവരില്‍ പലരും മണ്‍മറഞ്ഞു. നസീര്‍സാര്‍, ഉമ്മര്‍ക്ക, ജയന്‍, സോമന്‍, സുകുമാരന്‍, ശ്രീവിദ്യ ഇവരെയൊക്കെ ടിവിയില്‍ കാണുമ്പോള്‍ ഓര്‍മ്മകള്‍ പലതും മനസ്സിലേക്ക് കടന്നുവരും.

ഇന്നത്തെ മലയാളസിനിമയെ എങ്ങനെ കാണുന്നു?

സിനിമ ഒരുപാട് മാറിയില്ലേ. മറ്റെല്ലാ മേഖലയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ സിനിമയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പഴയ കാലത്തെ അഭിനയ രീതിയല്ല ഇന്ന്, സാങ്കേതികമായും ഒരു പാട് വളര്‍ന്നു. ആര്‍ട്ടിസ്റ്റുകള്‍ക്കെല്ലാം നല്ല പ്രതിഫല
വും ലഭിക്കുന്നുണ്ട്. അവരുടെ വെല്‍ഫയറിന് വേണ്ടി വാദിക്കാന്‍ സംഘടനയുമുണ്ട്. പിന്നെ, നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല എന്ന വാദത്തോട് എനിയ്ക്ക് യോജിപ്പില്ല. നല്ല സിനിമകള്‍ ഇന്നും ധാരാളമിറങ്ങുന്നുണ്ട്. അല്ലെങ്കില്‍ ഈ വ്യവസായം നിലനില്‍ക്കുമോ, അതുപോലെ എത്രയോ കഴിവുള്ള ആര്‍ട്ടിസ്റ്റുകള്‍ നമുക്കുണ്ട്. എനിയ്ക്ക് തോന്നുന്നത് മലയാളത്തിലേതുപോലെ ഇത്രയും കഴിവുള്ള ആര്‍ട്ടിസ്റ്റുകള്‍ മറ്റേത് ഭാഷയിലാണുള്ളത്.

ഒരു ചലച്ചിത്രനടി എന്നുള്ള നിലയില്‍ എങ്ങനെ സ്വയം വിലയിരുത്തുന്നു?

എന്റെ അഭിനയജീവിതം ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ശരിക്കും, സിനിമ എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു. ജീവിതത്തിന്റെ പല കൈവഴികളിലൂടെയുമാണ് സിനിമ എന്റെ ജീവിതമായിത്തീര്‍ന്നത്. ഇന്ന് ഈ രംഗത്തില്ലെങ്കില്‍പോലും ഈ പ്രൊഫഷനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. പ്രഗല്‍ഭരായ എത്രയോ കലാകാരന്മാരോടൊപ്പം, നൂറിലേറെ സിനിമകളിലഭിനയിക്കാനാവും. ഒരു ചലച്ചിത്രനടിയായി കുറെ പേരുടെ മനസ്സിലെങ്കിലും ജീവിക്കാന്‍ കഴിയുന്നത് ഭാഗ്യമല്ലാതെ മറ്റെന്താണ്. ഇന്നിപ്പോള്‍ നിങ്ങള്‍ എന്നെ കാണാന്‍ വന്നതും ഞാന്‍ മലയാളത്തിലെ പഴയ ഒരു ആര്‍ട്ടിസ്റ്റായതുകൊണ്ടല്ലേ. അതില്‍ ഞാന്‍ സംതൃപ്തയാണ്. അങ്ങേയറ്റം. ~

No comments: